Kerala
കൊച്ചി: പെരുമ്പാവൂരിൽ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ അക്രമം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പെരുമ്പാവൂർ കാരാട്ട് പള്ളിക്കര നെല്ലിപ്പിള്ളിൽ സിജിൽ ( 52 ), ഈയം കുഴിയിൽ ബൈജു (48), മാറമ്പിള്ളി പുത്തൻപുരയ്ക്കൽ ഷാനവാസ്(40) എന്നിവരാണ് അറസ്റ്റിലായത്.
പെരുമ്പാവൂർ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലെ ബാറിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. അഭിഷേക് എന്നയാളെയാണ് ആക്രമിച്ചത്. മദ്യപിച്ച് ബാറിൽ നിന്ന് പുറത്തിറങ്ങുന്ന വഴി ബാറിന്റെ വാതിൽ ദേഹത്ത് തട്ടിയതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. വിവിധ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐമാരായ അസിരിഫ് ഷഫീഖ്, ജോജോ ജോർജ്, കെ. ആദർശ്, പി.കെ. വിനാസ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
Kerala
കോട്ടയം: കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവർത്തന സമയത്തെച്ചൊല്ലി രൂക്ഷവിമർശനവുമായി എക്സൈസ് മന്ത്രി എം. ലിജു. വിമുക്തി പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
മറ്റ് ജില്ലകളിലെ സമയക്രമം കോട്ടയത്ത് പാലിക്കപ്പെടുന്നില്ലെന്നും, രാവിലെ 7 മുതൽ തന്നെ പലയിടത്തും ബാറുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ എക്സൈസ് മന്ത്രി നല്ല വ്യക്തിയാണെന്നും, പാലക്കാട്ടുകാരനായ അദ്ദേഹമല്ല ഈ പ്രത്യേക ആനുകൂല്യം അനുവദിച്ചതെന്നും വ്യക്തമാക്കിയ ലിജു, കോട്ടയം ജില്ലയിൽ മാത്രം ഈ സവിശേഷ സാഹചര്യം തുടരേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
ഇതിനുപുറമെ പത്തനംതിട്ട ജില്ലയിൽ വ്യാപകമാകുന്ന കള്ളവാറ്റ് തടയാൻ ശക്തമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഷാപ്പുകളുടെ വ്യക്തമായ പട്ടിക ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തിൽ, സ്വയംപര്യാപ്തമായതും അല്ലാത്തതുമായ ഷാപ്പുകളുടെ വേർതിരിച്ചുള്ള പട്ടിക അടിയന്തരമായി തയാറാക്കി സമർപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘർഷത്തിനിടെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു. ഇതോടെ സംഭവത്തിൽ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. തീവെപ്പിൽ ഗുരുതരമായി പൊള്ളലേറ്റ വെമ്പായം സ്വദേശി നവാസ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന അനീഷിന് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ബാറിലെ എ.സി ഹാളിലായിരുന്നു കേസിനാസ്പദമായ സംഭവം. എട്ടോളം പേർ അടങ്ങുന്ന സംഘത്തിനൊപ്പം ഇരുന്ന് മദ്യപിച്ച അനീഷ് പിന്നീട് ഇവരുമായി വാക്കുതർക്കത്തിലും ചെറിയ രീതിയിലുള്ള പിടിവലിയിലും ഏർപ്പെടുകയായിരുന്നു.
തുടർന്ന് പുറത്തേക്ക് പോയ അനീഷ് സമീപത്തെ പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങി അരമണിക്കൂറിന് ശേഷം തിരിച്ചെത്തി. തുടർന്നുണ്ടായ പിടിവലിക്കിടെ മറ്റുള്ളവരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിനിടെ അനീഷിന്റെ ശരീരത്തിലേക്കും തീ പടർന്നുപിടിച്ചു. 30-ഓളം പേരുണ്ടായിരുന്ന ഹാളിൽ പെട്ടെന്ന് തീ പടർന്നതോടെ ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. തുടര്ന്ന് ഫയർഫോഴ്സ് എത്തിയാണ് സോഫയിലും മറ്റും പടർന്ന തീ അണച്ചത്.
സംഭവത്തിൽ പൊള്ളലേറ്റ ശ്യാം, റിയാസ്, അരുൺ, നൗഫൽ എന്നിവർ നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വെമ്പായം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Kerala
കൊല്ലം: ഓച്ചിറയിലെ റീജന്സി ബാറില് മദ്യപിക്കാന് എത്തിയവരും ജീവനക്കാരും തമ്മില് സംഘര്ഷം. സമയം കഴിഞ്ഞിട്ടും മദ്യം നല്കാത്തതിനെച്ചൊല്ലിയുള്ള തര്ക്കമാണ് അക്രമത്തില് കലാശിച്ചത്.
ബാറില് അതിക്രമിച്ചുകയറിയ സംഘം ജീവനക്കാരെ ആക്രമിക്കുകയും സോഡാക്കുപ്പികള് എറിഞ്ഞ് ചില്ലുകൾ തകര്ക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രി ബാറിന്റെ സമയം കഴിഞ്ഞെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടിരുന്നു. മദ്യം നല്കാന് ജീവനക്കാര് വിസമ്മതിച്ചതിനെത്തുടര്ന്ന് തര്ക്കമുണ്ടവുകയും പോലീസ് എത്തി പ്രശ്നം പരിഹരിച്ചു യുവാക്കളെ മടക്കി അയക്കുകയും ചെയ്തു.
തുടര്ന്ന് തിങ്കളാഴ്ച വൈകിട്ടോടെ മലപ്പുറം രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘം ബാറിലെ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ബാര് അടിച്ചുതകര്ക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നു.
മദ്യക്കുപ്പികള് എറിഞ്ഞു പൊട്ടിക്കുന്നതും കസേര അടിച്ചു തകര്ക്കുന്നതും ദൃശ്യങ്ങളില് കാണാം. ബാര് ജീവനക്കാരെ മര്ദിച്ചെന്നും പരാതിയുണ്ട്. ബാറുടമയുടെ പരാതിയില് ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അക്രമി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഓച്ചിറ പോലീസ് കേസ് രജിസ്റ്റര് ചെയ്ത് പ്രതികള്ക്കായി അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: ബാര് ഹോട്ടലില് പണം വാതുവച്ച് ചീട്ടുകളി മത്സരം നടത്തിയ ഏഴംഗ സംഘം പിടിയിൽ. എടത്തല പൂക്കാട്ടുപടിയിലെ ക്ലബ് 99 എന്ന ബാര് ഹോട്ടലില് ഞായറാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് ഏഴംഗ സംഘത്തെ പോലീസ് പിടികൂടിയത്.
ഗൂഗിള് പേ ഉപയോഗിച്ചാണ് പണമിടപാടുകള് നടന്നത്. പിടിയിലായവരുടെ ഗൂഗിള് പേ ഇടപാടുകള് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുകൂടാതെ സ്ഥലത്തുനിന്നു 19,000 രൂപയും പോലീസ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത പണം കണ്ടു കെട്ടി. ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഇവിടെ ചീട്ടുകളി മത്സരങ്ങള് നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്ന്നായിരുന്നു പരിശോധന.
Kerala
കൊച്ചി: എറണാകുളം മട്ടാഞ്ചേരിയില് ബാറില് വയോധികനെ ആക്രമിച്ചു കൊലപ്പെടുത്താന് ശ്രമിച്ച പ്രതി പിടിയില്. മട്ടാഞ്ചേരി സ്വദേശി ഷിബു ആണ് പോലീസ് പിടിയിലായത്. ഓപ്പറേഷന് തൂഫാന് പിന്തുണ പ്രഖ്യാപിച്ച് കോണ്ഗ്രസ് നേതാവ് കെ. സുധാകരന് എംപി കൊച്ചിയില് വിളിച്ചു ചേര്ത്ത യോഗത്തില് പങ്കെടുത്ത ഗുണ്ടകളില് ഒരാളാണ് ഷിബു.
തിങ്കളാഴ്ചയാണ് മട്ടാഞ്ചേരിയിലെ ബാറില് സംഘര്ഷം നടന്നത്. പ്രതി ചുറ്റിക കൊണ്ട് വയോധികനെ മര്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തു വന്നിട്ടുണ്ട്. പ്രതിയെ പോലീസ് റിമാന്ഡ് ചെയ്തു. അതേസമയം, കഴിഞ്ഞ ദിവസമാണ് കൊച്ചിയില് ക്രിമിനല് ലിസ്റ്റില് പെട്ടവരും ഗുണ്ടകളും അടക്കമുള്ളവരെ വിളിച്ചു ചേര്ത്ത യോഗം നടന്നത്.
നിരവധി കേസുകളില് പ്രതിയായ മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, കൊടുംക്രിമിനല് പുലി നസീര്, ബ്യൂട്ടിപാര്ലര് വെടിവെപ്പ് കേസിലെ മുഖ്യപ്രതി ബിലാല് തുടങ്ങി നിരവധി കുപ്രസിദ്ധ ഗുണ്ടകളാണ് യോഗത്തിനെത്തിയത്. ലഹരിവിരുദ്ധ യോഗത്തിന്റെ പേരില് നടന്ന ചര്ച്ചയ്ക്കെതിരെ കോണ്ഗ്രസിനുള്ളില് തന്നെ കടുത്ത അമര്ഷം പുകയുന്നുണ്ട്.
എറണാകുളം ഡിസിസി പൂര്ണമായി കെ. സുധാകരന്റെ നടപടിയെ തള്ളിക്കളഞ്ഞിരുന്നു. ഡിസിസിയുടെ അറിവോടെ അല്ല ഇത്തരം ഒരു പ്രവൃത്തി കെ. സുധാകരന് നടത്തിയത് എന്നാണ് ഡിസിസി നേതാക്കള് അടക്കം കഴിഞ്ഞ ദിവസം പറഞ്ഞത്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു. സുമൻ (38) ആണ് കൊല്ലപ്പെട്ടത്. ബാറിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് മർദനമുണ്ടായത്.
സഹോദരങ്ങളായ അച്ചുവും അനന്തവും ചേർന്നാണ് സുമനെ അതിക്രൂരമായി മർദിച്ചത്. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. അതേസമയം, ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. യുവാവിനെ മർദിക്കുന്നതും അവശനായതിനു ശേഷം ആക്രമണം തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ മുക്കോലയിലെ ബാറിലാണ് യുവാക്കൾ ഏറ്റുമുട്ടുന്നത്. ഷാൻ എന്ന ചെറുപ്പക്കാരനുമായി ദൃശ്യങ്ങളിലുള്ള ചെറുപ്പക്കാർ ബാറിൽ വച്ച് തർക്കമുണ്ടായി. ഇതിൽ ഇടപെട്ടയാളാണ് കൊല്ലപ്പെട്ട സുമനെന്നാണ് പോലീസ് പറയുന്നത്.
ബാറിൽ നിന്ന് തന്നെ സംഘം സുമനെതിരെ തിരിയുകയും ഇറങ്ങി പുറത്തേക്കോടിയ സുമനെ പിന്തുടർന്ന് സഹോദരങ്ങളായ യുവാക്കൾ മർദിക്കുകയുമായിരുന്നു. റോഡിലൂടെ വന്ന യാത്രക്കാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.
പ്രതികളെല്ലാം മദ്യലഹരിയിലായതിനാൽ ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവാനുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ സഹോദരങ്ങളെ കൂടാതെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
അരൂർ: ബാറിൽ സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നാലംഗ സംഘം മർദിച്ചു കൊലപ്പെടുത്തി. കുമ്പളങ്ങി വലിയപറമ്പ് കുഞ്ഞുമോന്റെ മകൻ നിധിൻ (30) ആണ് എഴുപുന്ന പാലസ് ബാറിനു മുന്നിൽ മർദനമേറ്റു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾതന്നെയാണു നിധിനെ മർദിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കോടംതുരുത്ത് സ്വദേശികളായ മൂലേക്കാട്ട് പടിഞ്ഞാറ നികർത്ത് ജിബിൻ (25), എഴുപുന്ന തെക്ക് വട്ടേക്കാട് ജിത്തുമോൻ(27), കുന്നേൽ വീട്ടിൽ ഷിനു (29) എഴുപുന്ന തെക്ക് അറയ്ക്കൽ അനിൽ (21) എന്നിവരെ ബാറിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വിവിധയിടങ്ങളിൽനിന്നായി അരൂർ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി 11.50നായിരുന്നു സംഭവം. നിധിൻ നാലു സുഹൃത്തുക്കൾക്കൊപ്പമാണ് രണ്ടു ബൈക്കുകളിലായി ബാറിലെത്തിയത്. മദ്യം കഴിക്കുന്നതിനിടെ ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.
ബാറിൽനിന്നിറങ്ങി വീട്ടിലേക്കു മടങ്ങാൻ ബൈക്കിലിരിക്കുമ്പോൾ പ്രതികളെത്തി തലയ്ക്കടിക്കുകയും നെഞ്ചിനും വയറിനും ചവിട്ടുകയുമായിരുന്നു. നിധിൻ അബോധവാസ്ഥയിലായതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.
നിധിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് കുമ്പളം ശാന്തിതീരം ശ്മശാനത്തിൽ. അമ്മ: പ്രമീള. സഹോദരൻ: യദു കൃഷ്ണ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്തു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അനുവദിച്ചത് എന്തെന്ന ചോദ്യത്തിന് ആദ്യം ഉത്തരം നൽകാൻ കഴിയുന്നത്, ബാറുകൾ എന്നാണ്. 2016 മേയ് മാസം മുതൽ 2026 ഫെബ്രുവരി വരെ സംസ്ഥാനത്തു പുതുതായി പ്രവർത്തനം തുടങ്ങിയത് 855 ബാറുകളാണ്.
മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കുമെന്നു വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്താണ് ബാറുകൾ വ്യാപകമായി അനുവദിച്ചത്.
യുഡിഎഫിന്റെ ഉമ്മൻ ചാണ്ടി സർക്കാർ 2016 മേയിൽ അധികാരമൊഴിയുന്പോൾ സംസ്ഥാനത്ത് 29 ബാറുകൾ മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. ഫൈവ് സ്റ്റാറിനും അതിനു മുകളിലുമുള്ള ഹോട്ടലുകൾക്കായിരുന്നു ബാർ അനുവദിച്ചിരുന്നത്. ഇതിനു താഴെയുള്ള എല്ലാ ഹോട്ടലുകളിലെയും ബാറുകൾ അവസാനിപ്പിച്ചിരുന്നു. നിലവാരമില്ലാത്ത മുഴുവൻ ബാറുകളും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അടച്ചു പൂട്ടിയിരുന്നു.
ഇപ്പോൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നത് 884 ബാറുകളാണ്. ത്രീ-ഫോർ സ്റ്റാർ ഹോട്ടലുകളിൽ പ്രവർത്തിക്കുന്ന ബാറുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ രാത്രി 12 വരെയാക്കി ഉയർത്തിയിട്ടും ലൈസൻസ് ഫീസ് ഉയർത്താത്തത് ഏറെ ദുരൂഹമാണ്.
പഞ്ചനക്ഷത്രത്തിലും അതിനു മുകളിലുമുള്ള ഹോട്ടലുകളിലെ ബാറുകൾക്ക് പുലർച്ചെ മൂന്നുവരെ പ്രവർത്തിക്കാം. എന്നാൽ, സർക്കാരിന് ഏറെ വരുമാനമുണ്ടാക്കുന്ന ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളുടെ എണ്ണത്തിൽ നേരിയ വർധന മാത്രമാണു വരുത്തിയത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് സംസ്ഥാനത്താകെ 309 ബിവറേജസ് ഔട്ട്ലെറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ 336 ഔട്ട്ലെറ്റുകളാണുള്ളത്. കള്ളുഷാപ്പുകളുടെ എണ്ണത്തിൽ യുഡിഎഫ് സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച് കുറവുണ്ടായി. 5177 കള്ളുഷാപ്പുകളാണ് യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 5171 ആയി കുറഞ്ഞു.
എന്നാൽ, കഴിഞ്ഞ 10 വർഷത്തിനിടെ സാധാരണക്കാരുടെ ജീവിതം താറുമാറാക്കുന്ന തരത്തിൽ വൈദ്യുതി ചാർജ് ആറു തവണ കൂട്ടുകയും വെള്ളക്കരം മൂന്നിരട്ടിയോളം വർധിപ്പിക്കുകയും ചെയ്തിരുന്നു. കെട്ടിട നികുതിയും വസ്തു നികുതിയും ഓരോ വർഷവും വർധിപ്പിച്ചു സാധാരണക്കാർക്ക് താങ്ങാവുന്നതിനു മുകളിലാക്കി. ബസ് ചാർജും വർധിപ്പിച്ചു.
സർക്കാർ ആശുപത്രികളിലേത് അടക്കമുള്ള സേവന നിരക്കുകളും കുത്തനെ ഉയർത്തിയിരുന്നു.
District News
കുന്നംകുളം: പെരുമ്പിലാവ് പ്രവർത്തിക്കുന്ന ബാറിൽ കഴിഞ്ഞദിവസം രാത്രിയിൽ ആക്രമണം. അക്ഷയ് വധക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ലിഷോയും സംഘവുമാണ് ബിയർ ബോട്ടിൽ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
ലിഷോയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ആക്രമണത്തിൽ ചാലിശേരി സ്വദേശികളായ വൈഷ്ണവ്, വിജിൽ, വിഷ്ണു എന്നിവർക്കാണു പരിക്കേറ്റത്.
പ്രത്യേക പ്രകോപനം ഒന്നുമില്ലാതെ ആക്രമണം നടത്തുകയായിരുന്നുവെന്ന് പറയുന്നു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തു നിൽക്കെ സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം അപ്രഖ്യാപിതമായി കൂട്ടിയ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കും.
സാധാരണ ബാറുകളുടെ സമയം രാവിലെ ഒരു മണിക്കൂർ നേരത്തെയും രാത്രി 11 എന്നുള്ളത് 12 വരെയും ആക്കിയാണ് വർധിച്ചിരിക്കുന്നത് . ബിയർ, വൈൻ പാർലുകൾക്കും ഇതാണ് സമയ ക്രമം.
ലോക്കൽ കൗണ്ടറുകളും
എന്നാൽ, ഫൈവ് സ്റ്റാർ മുതലുള്ള ബാറുകൾ രാവിലെ 10ന് തുറന്നു രാത്രി മൂന്നു വരെ പ്രവർത്തിക്കും. ഇത്തരം ബാറുകൾക്കും ലോക്കൽ എന്നു വിളിപ്പേരുള്ള സാധാരണ കൗണ്ടറുകൾ ഉണ്ട്. ഫൈവ് സ്റ്റാർ സമയക്രമത്തിന്റെ മറവിൽ ഇവയും പുലർച്ചെ മൂന്നു വരെ പ്രവർത്തിച്ചേക്കാം. ചുരുക്കത്തിൽ സാധാരണ ബാറുകൾക്ക് രണ്ടു മണിക്കൂർ കൂട്ടിക്കിട്ടിയപ്പോൾ ഫൈസ്റ്റാർ ബാറുകൾക്ക് അഞ്ചു മണിക്കൂറാണ് കൂട്ടിക്കിട്ടിയിരിക്കുന്നത്
ഇന്നുമുതൽതന്നെ ഈ രണ്ടു വിഭാഗം ബാറുകളുടെയും സമയത്തിൽ മാറ്റം നടപ്പിലായി തുടങ്ങും .മലയാളിയുടെ രാത്രി ജീവിതത്തെ പൂർണമായും മാറ്റാൻ സാധ്യതയുള്ള ഒരു സാമൂഹ്യനടപടി കൂടിയായി ഇതു മാറും. ഇപ്പോൾ തന്നെ നഗരങ്ങളിൽ നിശാജീവിതം സജീവമാണ് .
11- 12 മണിയോടെ അവസാനിച്ചിരുന്ന രാത്രി കൂട്ടായ്മകളും ഭക്ഷണ- വിരുന്നുകളും ഇനി യൂറോപ്യൻ നഗരങ്ങൾക്കു സമാനമായി പുലർച്ചെ മൂന്നുവരെ നീളാം. ഇതുണ്ടാക്കുന്ന സാമൂഹ്യ സാംസ്കാരിക മാറ്റങ്ങൾ ഇപ്പോൾ വിലയിരുത്താൻ ആകില്ല. ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടങ്ങളും പെരുകും. രാത്രികാല ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും ക്രമസമാധാനപാലകരും കൂടുതൽ വിയർപ്പൊഴുക്കേണ്ടിവരും
രാവിലെ ഒരു മണിക്കൂർ നേരത്തെ
രാവിലെ ഒരു മണിക്കൂർ നേരത്തെ ബാറുകളുടെ പ്രവർത്തന സമയം ആക്കിയതോടുകൂടി മദ്യപിച്ചിട്ട് ദിവസം തുടങ്ങുക, ഓഫീസിൽ പോവുക തുടങ്ങിയ കാര്യങ്ങളിൽ തെറ്റായ ഒരുപാട് പ്രവണതകൾക്കു ആക്കംകൂട്ടാൻ വഴിയുണ്ടെന്ന് ആ രംഗത്തെ നിരീക്ഷകർ ചൂണ്ടിക്കാണുന്നു.
രാത്രി 12ന് സാധാരണ ബാറുകൾ അടയ്ക്കുമെങ്കിലും ഫൈവ് സ്റ്റാർ ബാറുകളുടെ ചുവടൊപ്പിച്ച്, ഉദ്യോഗസ്ഥരെയും മറ്റും സ്വാധീനിച്ചും അവയും പ്രവർത്തന സമയം ദീർഘിപ്പിക്കാനാണ് സാധ്യത. മാത്രമല്ല ഫൈവ് സ്റ്റാർ ബാറുകൾക്കു മാത്രമാക്കിയ മൂന്നു മണിക്കൂർ അധികം തങ്ങൾക്കും വേണമെന്ന് ഇവർക്കു ന്യായമായും ആവശ്യപ്പെടാം. അതിനു കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
ഡീൽ ആരോപണം
സംസ്ഥാന സർക്കാരിനോ ഖജനാവിനോ പുതിയ നടപടികൊണ്ട് പെട്ടെന്നു പ്രയോജനം ഒന്നും കിട്ടില്ല. ഫൈവ് സ്റ്റാർ ബാറുകളുടെ രാത്രി സമയം കൂട്ടിയതിനു മാത്രമാണ് അധിക ഫീസ് അടക്കേണ്ടത്. എന്നാൽ, ഏതോ ഒരു സംഘടന ആവശ്യപ്പെട്ടതനുസരിച്ച് ബാറുകളുടെ പ്രവർത്തന സമയം പെട്ടെന്നു കൂട്ടിയ നടപടിക്കു പിന്നിൽ കോടിക്കണക്കിനു രൂപയുടെ അഴിമതിയും സ്വാധീനവും ഉണ്ടാവുമെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.
പഴയ ബാർകോഴ കേസിന്റെ മാതൃകയിലുള്ള നിരവധി ആക്ഷേപങ്ങൾക്കും സമരങ്ങൾക്കും കോടതി നടപടികൾക്കും ഇതു വഴിവച്ചേക്കാം. നിരവധി സംഘടനകൾ ഇന്നു തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രതിപക്ഷവും സമരത്തിന് ഒരുങ്ങുകയാണ്.
Kerala
കോട്ടയം: ചങ്ങനാശേരിയിൽ ബാറിൽ അക്രമം നടത്തി സമരാനുകൂലികൾ. ഞാലിയാകുഴി പായിപ്പാട് പ്രവർത്തിക്കുന്ന എമറാൾഡ് ബാറിലാണ് സംഘം ചേർന്നെത്തിയ സമരക്കാർ അക്രമം അഴിച്ചുവിട്ടത്.
ബാറിന്റെ പ്രധാന വാതിലിന്റെ ഗ്ലാസ് വടികൊണ്ട് അടിച്ചു പൊട്ടിക്കുകയും ബാറിലെത്തിയവരെ ഭീഷണിപ്പെടുത്തി ഇറക്കിവിടുകയും ചെയ്തു. സംഭവത്തിൽ ഉടമ പോലീസിൽ പരാതി നൽകി.
Kerala
തിരുവനന്തപുരം: ബാറുടമയുടെ മദ്യസത്കാരത്തില് പങ്കെടുത്ത എക്സൈസ് ഇന്സ്പെക്ടര്ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്ക്കും സസ്പെന്ഷന്.
വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്സ്പെക്ടര് വിജി സുനില്കുമാര്, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്സൈസ് ഓഫീസര്മാര് എന്നിവരെയാണ് സസ്പെന്ഡ് ചെയ്തത്.
കോവളം വാഴമുട്ടത്തെ ബാര് ഹോട്ടലില് യൂണിഫോമിലെത്തി ഉദ്യോഗസ്ഥര് മദ്യസത്കാരത്തില് പങ്കെടുത്തതായി കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി. എക്സൈസ് വിജിലന്സ് ഓഫീസര് നടത്തിയ അന്വേഷണത്തില് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി.
എക്സൈസ് ഉദ്യോഗസ്ഥര് തങ്ങളുടെ അധികാരപരിധിയിലുള്ള ബാറുകളില് ഇത്തരം പരിപാടികളില് പങ്കെടുക്കാന് പാടില്ലെന്നാണ് വകുപ്പുതല ചട്ടം.
ബാര് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥസംഘമാണ് ബാറുടമയുടെ മദ്യസത്കാരത്തില് പങ്കെടുത്തത് എന്നതും ഗുരുതര ചട്ടലംഘനമാണ്. 2022ല് മൂവരും തിരുവനന്തപുരം റേഞ്ചില് ജോലിചെയ്യുമ്പോഴാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.
ഉദ്യോഗസ്ഥരുടെ ചിത്രം സഹിതമാണ് എക്സൈസ് കമ്മിഷണര്ക്കു പരാതി ലഭിച്ചത്. ഉദ്യോഗസ്ഥരെ സത്കരിച്ച വിവരം ബാറുടമയും സ്ഥിരീകരിച്ചു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ സത്കരിച്ചതിന് ബാര് ഉടമയ്ക്കെതിരേയും നടപടിയുണ്ടാകും.
Kerala
കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്ത്തന സമയം നീട്ടി. ഡിസംബര് 31 ബുധനാഴ്ച ബാറുകള്ക്ക് രാത്രി 12 വരെ പ്രവര്ത്തിക്കാം.
ബിയര് വൈന് പാര്ലറുകളുടെ സമയവും നീട്ടി നല്കിയിട്ടുണ്ട്. ഇളവ് സംബന്ധിച്ച് സര്ക്കാര് ഉത്തരവിറക്കി. വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് തീരുമാനം.
സംസ്ഥാനത്ത് ആദ്യമായാണ് പുതുവത്സരാഘോഷങ്ങള്ക്കായി ബാറുകളുടെ പ്രവര്ത്തന സമയം ദീര്ഘിപ്പിക്കുന്നത്. എന്നാല് ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവര്ത്തന സമയത്തില് മാറ്റമില്ല. ഒന്പതു വരെയാകും ഔട്ട് ലെറ്റുകള് പ്രവര്ത്തിക്കുക.
രാവിലെ 10 മുതല് രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്ത്തന സമയം. ഇതില് ഒരു മണിക്കൂറിന്റെ ഇളവാണ് നല്കിയിരിക്കുന്നത്. വിവിധ ബാറുകള് പുതുവത്സരം പ്രമാണിച്ച് വലിയ ആഘോഷങ്ങള് ഒരുക്കിയിട്ടുണ്ട്.
Kerala
കണ്ണൂർ: മദ്യത്തിന്റെ അളവുകുറച്ച് നൽകിയ സംഭവത്തിൽ ബാറിന് പിഴ ഈടാക്കി. 60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രം ഉപയോഗിച്ച സംഭവത്തിൽ കണ്ണൂര് പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25,000 രൂപ പിഴയിട്ടു.
ബാറിലെത്തി മദ്യപിക്കുന്നവര്ക്ക് ആദ്യത്തെ രണ്ട് പെഗ് നൽകുന്നത് അളവ് കൃത്യമായിട്ടാണ്. മദ്യപിക്കുന്നയാൾ ഫിറ്റായിയെന്ന് തോന്നിയാൽ 60 മില്ലിയുടെ പാത്രം മാറ്റിയിട്ട് 48 മില്ലിയുടെ പാത്രം ഉപയോഗിക്കും. 30 മില്ലിക്ക് പകരം 24 മില്ലിയേ പിന്നീട് ലഭിക്കൂ.
ബാറുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പഴയങ്ങാടി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര് ഭാഗങ്ങളിലുള്ള ബാറുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
Kerala
മലപ്പുറം: വണ്ടൂരിൽ ബാറില് യുവാവിന്റെ ആക്രമണം. രണ്ട് ബാർ ജീവനക്കാരെ യുവാവ് കുത്തി പരിക്കേല്പ്പിച്ചു. വണ്ടൂർ കരുണാലയപ്പടി സ്വദേശി ഷിബിൽ ആണ് അക്രമം നടത്തിയത്.
ബാർ ജീവനക്കാരായ തിരുവാലി സ്വദേശി ആകാശ്, കോഴിക്കോട് സ്വദേശി അഭിജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. സംഘര്ഷത്തിനിടയില് ഷിബിലിനും കത്തിക്കുത്തിൽ പരിക്കേറ്റു.മൂന്നു പേരേയും വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് അക്രമമുണ്ടായത്. ലഹരിയിലായിരുന്നു ഷിബിലെന്ന് പോലീസ് പറഞ്ഞു. ബാറിലെ മദ്യക്കുപ്പികളും ഫര്ണിച്ചറുകളും ഷിബില് അടിച്ചു തകര്ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.